പഴങ്കഥകളിലെ സ്ത്രീ സങ്കല്പത്തേക്കുറിച്ച് ഒന്ന് ഓര്‍ത്തുനോക്കൂ. ഇന്നത്തെ തലമുറക്ക് ഒട്ടും ദഹിക്കാത്ത കുറെ ആചാരങ്ങള്‍, അതിരുകള്‍, അര്‍പ്പണമനോഭാവം, ഒപ്പം അടുക്കള എന്ന കുഞ്ഞു ലോകത്തിലെ അന്തേവാസവും. ഭട്ടതിരിപ്പാടിന്റെ നാടകം കഴിഞ്ഞും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കെത്താന്‍ സ്ത്രീകള്‍ കുറച്ചധികം  കാലങ്ങളെടുത്തു. പിന്നീട്, കലഹരണത്തില്‍ പെണ്ണിന്റെ പരിധിയെ ചോദ്യം ചെയ്യുന്നവരോട് ‘കാലം മാറി കാര്‍ന്നോരെ’ എന്ന് പറയാനാവുന്ന വിധം ഓരോ പെണ്‍കുഞ്ഞും വളര്‍ന്നു വന്നു. അതെ, ഇന്ന് സ്ത്രീകള്‍ കടന്നു ചെല്ലാത്ത മേഖലകള്‍ വളരെ വിരളമാണെന്ന് തന്നെ പറയാം. ചെറിയ ചെറിയ ആഗ്രഹങ്ങളില്‍ തുടങ്ങി ഇന്ന് ബഹിരകാശ യാത്രകള്‍ നടത്താനും കൊടുമുടികള്‍ കീഴടക്കാനും സധൈര്യം അവര്‍ മുന്നോട്ടു വന്നു കഴിഞ്ഞു. കുന്നോളം ഉയരമുള്ള തന്റെ സ്വപ്നത്തിലേക്ക് ചിറകു വെച്ച് പറന്നു ചെന്ന ഒട്ടനേകം പെണ്‍തിളക്കങ്ങള്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. ഒത്തിരി സ്‌നേഹത്തോടെ അതിലുപരി അഭിമാനത്തോടെ അവരില്‍ ഒരാളായി നമുക്ക് ചൂണ്ടിക്കാട്ടാം –

ബിനു.എന്‍ പിള്ള,  ന്യു യോർക്ക്  പോലീസ് ഡിപ്പാര്‍ട്‌മെന്റിലെ  മലയാളി വനിത!

തിരുവനന്തപുരം ആറ്റുകാല്‍ ശബരിയില്‍ അപ്പു പിള്ളയുടെയും  രാജമ്മ പിള്ളയുടെയും രണ്ടാമത്തെ മകളാണ് ബിനു എന്‍ പിള്ള. ജനിച്ചതും വളര്‍ന്നതും അമേരിക്കയുടെ മണ്ണിലായതിനാല്‍ തന്നെ കുടുംബവും ചുറ്റുപാടുകളും ബിനുവിന്റെ ആഗ്രഹത്തിന് വിലങ്ങു തടിയായി നിന്നില്ല. പകരം മകളുടെ സ്വപ്നങ്ങളില്‍ പങ്കാളികളാകാന്‍ പൂര്‍ണ്ണ മനസ്സു കാണിച്ചു മാതാപിതാക്കള്‍ . ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ശേഷം ഡിപ്പാര്‍ട്‌മെന്റ് ടെസ്റ്റ് എഴുതിയ ബിനു പോലീസിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. മാനസിക ബലത്തിനൊപ്പം കായിക ക്ഷമതയും അത്യാവശ്യമായ ഇങ്ങനെയൊരു മേഖലയിലേക്ക് പെണ്‍കുട്ടികള്‍ കടന്നു ചെല്ലുക വിരളമാണ്. അച്ഛനമ്മമാര്‍ നല്‍കിയ പിന്തുണയിലൂടെ ബിനു തന്റെ ലക്ഷ്യത്തിലേക്ക് നടന്നു ചെന്നു. ചെറുപ്പത്തിലേ സ്‌പോര്‍ട്‌സ് താരമായിരുന്ന ബിനുവിന് കായിക പരീക്ഷയെ വളരെ നിഷ്പ്രയാസം തന്നെ അഭിമുഖീകരിക്കാനായി. അങ്ങനെ 2001 ല്‍ ന്യൂയോര്‍ക്കിലെ സിറ്റി പോലീസ് ഡിപ്പാര്‍ട്‌മെന്റ് ഓഫീസര്‍ ആയി ബിനു തന്റെ ആ വലിയ സ്വപ്നം സാക്ഷാത്കരിച്ചെടുത്തു.

സത്യസന്ധതയും നീതിബോധവും മുതല്‍ക്കൂട്ടാക്കിയുള്ള പ്രവര്‍ത്തനം ഡിപ്പാര്‍ട്‌മെന്റിന്റെ പല പുരസ്‌കാരങ്ങള്‍ക്കും ബിനുവിനെ അര്‍ഹയാക്കി. 2013 വരെ NYPD യുടെ ട്രാന്‍സിറ്റ് ബ്യൂറോയില്‍ ജോലി.  ശേഷം 2015 നവംബറില്‍ ഡീറ്റെക്റ്റീവ് ആയി പ്രൊമോഷന്‍.  18 വര്‍ഷക്കാലമായി  ആത്മാര്‍ത്ഥത കൈവിടാതെ, ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ കൃത്യനിഷ്ഠതയോടെ ചെയ്തു മുന്നോട്ടു പോകുന്നു . ഭര്‍ത്താവ് അബ്ദുല്‍ നസീര്‍ NYPD യില്‍ ഓഫീസര്‍ ആണ്. ബിനുവിന്റെ ജോലിതിരക്കുകളെയും ചുമതലകളെയും മാനിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഒരു ജീവിത പങ്കാളിയാണ് അദ്ദേഹം. ഏക മകന്‍ നിസ്സാന്‍  പിള്ള. ബിനുവിന്റെ സഹോദരിമാരില്‍ ബിന്ദു ഡോക്ടറും ഇന്ദു സോഫ്റ്റ്വെയര്‍ എഞ്ചിനീയറുമാണ്. ഒന്നര വര്‍ഷത്തെ സേവനം കൂടി കഴിയുമ്പോള്‍ ബിനുവിന്റെ സര്‍വീസിലെ 20 വര്‍ഷം പൂര്‍ത്തിയാക്കും.റിട്ടയര്‍മെന്റിനു ശേഷം പ്രൈവറ്റ് ഡീറ്റെക്റ്റീവ് ആയി സേവനമനുഷ്ഠിക്കാനാണ് ബിനു തീരുമാനിച്ചിരിക്കുന്നത്.

നീണ്ട 18 വര്‍ഷത്തോളമുള്ള ബിനുവിന്റെ പോലീസ് ജീവിതം ഈ ലോകത്തിലെ സ്ത്രീ സമൂഹത്തിനു ഒരു വലിയ പാഠം തന്നെയാണ്.അമേരിക്കന്‍ പോലീസ് ഡിപ്പാര്‍ട്‌മെന്റിലെ ആദ്യ  മലയാളി വനിത എന്ന സ്ഥാനം നേടിയെടുക്കാന്‍ ബിനു കാണിച്ച ആത്മവിശ്വാസവും ധൈര്യവും ഒന്ന് വേറെ തന്നെയാണ്. സ്വന്തം ആഗ്രഹങ്ങളെ മനസ്സില്‍ കുഴിച്ചു മൂടുന്ന ഒട്ടനേകം സ്ത്രീകള്‍ ഇന്നും നമുക്കിടയില്‍ തന്നെയുണ്ട്. അവര്‍ക്കായിതാ ബിനു എന്‍ പിള്ള എന്ന മാതൃക! സാഹചര്യങ്ങളും ചുറ്റുപാടുകളും ആഗ്രഹങ്ങള്‍ക്ക് വേണ്ടി വഴി മാറിത്തരുന്ന ഈ കാലഘട്ടത്തില്‍ മനസില്‍ കണ്ട സ്വപ്നം നടത്തിയെടുക്കാന്‍ മടി കാണിക്കുന്നവര്‍ക്ക് ബിനുവിന്റെ ഈ ജീവിതയാത്ര ഒരു വലിയ പ്രചോദനമായിരിക്കും, തീര്‍ച്ച !